March 29, 2015

ഒരു വടക്കന്‍ സെല്‍ഫി (Oru Vadakkan Selfie)

ഒരു വടക്കന്‍ സെല്‍ഫി - ഒരാസ്വാദനം 
(A Critical Examination of the Story and Characters of Malayalam movie titled "Oru Vadakkan Selfie")


മലയാള ചലച്ചിത്ര രംഗത്ത് കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിക്കുകയും, തദ്വാരാ പ്രസ്തുത സിനിമകളില്‍ അഭിനയിച്ച് അനേകം കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കുകയും, കാലത്തിന്റെ അനസ്യൂതമായ ചംക്രമണത്തില്‍ എഴുത്തിലും അഭിനയത്തിലും നിലവാരത്തകര്‍ച്ച നേരിട്ടിട്ടും ഇപ്പോഴും രംഗത്തുതുടരുന്ന സഖാവ് ശ്രീനിവാസന്‍റെ മകനായ സഖാ-ശ്രീമാന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ബാള്‍ പോയന്റ് പേന ചലിപ്പിച്ചു സൃഷ്ടിച്ച കഥയുടെ ചലച്ചിത്രാവിഷ്കാരമാകുന്നു 'ഒരു വടക്കന്‍ സെല്‍ഫി'.
കഥ 
സൂക്ഷ്മവും, ചതുരവും സര്‍വോപരി നിരവയവുമായ തമാശകളാല്‍ അലങ്കരിക്കപ്പെട്ട സംഭാഷനശകലങ്ങള്‍ നിരീക്ഷകനുമുമ്പില്‍ വരച്ചിടുന്ന വര്‍ത്തമാനയുവത്വത്തിന്റെ പരിഛേദം സാമാന്യയുക്തിക്ക് നിരക്കുന്നതാണെന്നപ്പുറം വാസ്തവങ്ങളോടു മുഖ്യാശം കൂറ് പുലര്‍ത്തുന്നുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. നര്‍മ്മത്താല്‍ അലേപനം ചെയ്കയാല്‍ കയ്പ്പുള്ള സത്യങ്ങള്‍ മധുരമുട്ടായി കണക്കെ പ്രേക്ഷക ഹൃദയങ്ങളില്‍ രേഖപ്പെടുത്തവാനായി എന്നത് കഥാകൃത്തിന്റെ ഒരു വിജയമായി കരുതാം എങ്കിലും ചിലയിടങ്ങളില്‍ കഥാഗതി ആവര്‍ത്തന വിരസമായ സംഭവങ്ങളിലൂടെ ചരിക്കുക വഴി യുക്തിയില്‍ നിന്നും മാറി നില്‍ക്കുന്നതായി ദ്രിശ്യമായതിനാല്‍ കഥാകൃത്തിനു ഇനിയും ഏറെ യോജനകള്‍ സഞ്ചരിക്കാനുണ്ട് എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അഭിനയം
സ്വതസിദ്ധമായ ശൈലികള്‍ പിന്തുടര്‍ന്നുവന്നു മലയാള ചലച്ചിത്രരംഗത്ത് വളരെ വേഗം തന്റേതായ ഒരു സ്ഥാനം നേടിയ ശ്രീമാന്‍ നിവിന്‍ പൊളി വളരെ തന്മയത്വത്തോടെയും കയ്യടക്കത്തോടെയും തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ കൂട്ടാളികളായി വന്ന ശ്രീമാന്‍ അജു വര്‍ഗീസ്‌, ശ്രീമാന്‍ നീരജ് മാധവ് എന്നിവര്‍ക്കുള്ള പങ്ക് ഒരിക്കലും വിസ്മരിച്ചു കൂടാ. വടക്കന്‍ കേരള വായ്മൊഴികള്‍ അതിന്റെതായ സ്വരസംക്രമണത്തിലൂടേയും, ഫലിതങ്ങള്‍ അടങ്ങുന്ന സംഭാഷണ ശകലങ്ങള്‍ അകൃത്രിമമായ രീതിയിലും ചിത്രത്തില്‍ അവതരിപ്പികുക വഴി മൂവരുടെയും കഥാപാത്രങ്ങള്‍ ആസ്വാദകന്റെ മനസ്സില്‍ തങ്ങി നില്‍ക്കും. നായികാ കഥാപാത്രം അവതരിപ്പിച്ച, ഒരു മുന്‍കാല ബാല താരം കൂടിയായ ശ്രീമതി മഞ്ചിമ തന്റെ അഭിനയശേഷി ഇപ്പോഴും തന്റെ ആദ്യ സിനിമയില്‍നിന്നും അധികമൊന്നും വളര്‍ന്നിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. വിനീത് ശ്രീനിവാസന്‍ തന്റെ കഥാപാത്രത്തെ ഒരു ഡിസ്നി കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അനുകരിക്കുന്ന പോലെ അവതരിപ്പിച്ചത്തില്‍ നിന്നും തന്റെ തട്ടകം എഴുത്താണ് എന്ന് ശക്തമായ രീതിയില്‍ തന്നെ ലോകത്തോട്‌ വിളിച്ചുപറയുന്നതായി അനുഭവപ്പെട്ടു. ശ്രീമാനും സഖാവുമായ വിജയരാഘവനവര്‍കള്‍ നല്ല എസ്സെഫൈക്കാരനാണെന്ന് തെളിയിച്ചിരിക്കുന്നു.

മറ്റുള്ളവ 
ചില ചാനലുകളില്‍ ഓണക്കാലത്ത് സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ക്കിടയില്‍ അവിടെയും ഇവിടെയും തിരുകി കയറ്റുന്ന പരസ്യങ്ങള്‍ പോലെയായിരുന്നു ചിത്രത്തിലെ ഗാനരംഗങ്ങള്‍. ഇവ ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോട് എത്ര മാത്രം നീതി പുലര്‍ത്തി എന്നത് തര്‍ക്കവിഷയമായി തോന്നപ്പെട്ടു.

ചുരുക്കത്തില്‍
ചിത്രത്തിന്റെ പ്രധാന പ്രേക്ഷകര്‍ ആയി ഉദ്ദേശിച്ചിരിക്കുന്ന യുവജനങ്ങള്‍ സിനിമാ കൊട്ടകയില്‍ സെല്‍ഫി എടുക്കതിലും, ഓരി ഇടുന്നതിലും മുഴുകി ഇരുന്നതിനാല്‍ ചിത്രത്തിലൂടെ അവരോട് പറയാന്‍ ഉദ്ദേശിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയ പരിഹാസം കലര്‍ത്തിയ സ്വയം വിമര്‍ശനം എത്രത്തോളം അവരുടെ മനസ്സിലേക്ക് എത്തും എന്നതില്‍ ലേഖകന് സന്ദേഹമുണ്ട്. എങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ വരച്ചിടുകവഴി കാലത്തിന്റെ ഗതിയില്‍ പില്‍ക്കാലത്ത് ഉദ്ധരണികളായി പുനര്‍ജന്മെടുത്ത് യുവജനങ്ങളുടെ നേരെ തിരിച്ച കണ്ണാടിയായി വര്‍ത്തിക്കാന്‍ ചിത്രത്തിനു സാധിക്കുമാറാകട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!

----
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.പോയി കാണെടോ, കാശ് മുതലാകും!

No comments: