April 02, 2018

വല്യമ്മാന്‍


"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്... "

ഇടറുന്ന ശബ്ദത്തില്‍ വല്യമ്മാന്‍ പറഞ്ഞു.

കുറെ നാളായി വല്യമ്മാനെ കണ്ടിട്ട്. നടക്കാന്‍ ബുദ്ധിമുട്ടില്ലാതിരുന്ന കാലത്ത് വല്യമ്മാന്‍ വൈകുന്നേരങ്ങളില്‍ പൂമുഖത്ത് ഇരിക്കാറുണ്ട്. വൈകുന്നേരം ഓഫീസില്‍ നിന്നും വരുമ്പോള്‍ വല്യമ്മാന്‍ അവിടെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ടാകും. ഇപ്പോള്‍ കുറച്ചു കാലമായി അതൊന്നുമില്ല. മുറി വിട്ടു ഇറങ്ങാന്‍ തന്നെ വിഷമമായിരിക്കുന്നു. അമ്മായിക്കും വയ്യ.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദിസ്‌ ബെഡ്.. ടു ദിസ്‌ റൂം"

അമ്മാവന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ ശബ്ദത്തിനു ഒരു ഊര്‍ജമുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.

പണ്ട്, ചേര്‍പ്പിലായിരുന്ന കാലത്ത് എന്‍റെ മനസ്സിലെ രണ്ടു അതികായന്മാരില്‍ ഒരാളായിരുന്നു വല്യമ്മാന്‍ (മറ്റേതു മുത്തശ്ശന്‍). അക്കാലത്ത് ദിവസവും അമ്മാവന്‍ സൈക്കിള്‍ ചവിട്ടി ഊരകത്ത് നിന്നു ചേര്‍പ്പില്‍ വരും. മുത്തശ്ശന്‍ എന്നെ സംസ്കൃതമോ, ഹിന്ദിയോ പഠിപ്പിക്കുന്ന ദിവസമാണെങ്കില്‍ വല്യമ്മാന്‍റെ വരവിനായി ഞാന്‍ കാത്തിരിക്കാറുണ്ട്. വല്യമ്മാന്‍ വന്നാല്‍ എനിക്കൊരു ഇടവേള കിട്ടും. പിന്നെ മുത്തശനും വല്യമ്മാനും കൂടി നാട്ടുകാര്യങ്ങളും, വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന സമയമാണ്. 

"ഓപ്പക്ക് ചായ എടുക്കട്ടെ?" മുത്തശ്ശി ചോദിക്കും (മുത്തശ്ശിയുടെ ജ്യേഷ്ടനാണ് വല്യമ്മാന്‍). കുടുംബത്തിന്‍റെ കാരണവര്‍ എന്ന സ്ഥാനം കൂടി ഉള്ളതുകൊണ്ട് സ്വതവേ പതുക്കെ സംസാരിക്കുന്ന മുത്തശ്ശി ഒന്നുകൂടി ശബ്ദം താഴ്ത്തിയാണ് ചോദിക്കുക. 

"ഉം. ആകാം" വല്യമ്മാന്‍ ഗൌരവം വിടാതെ പറയും. 


എന്നിട്ട് വീണ്ടും ചര്‍ച്ചയിലേക്ക് വഴുതി വീഴും. ഒറ്റക്കൊറ്റക്കു എടുത്താല്‍ രണ്ടുപേരും ക്ഷിപ്രകോപികളും, ഗൌരവ പ്രകൃതക്കാരുമാണെങ്കിലും പരസ്പരം സംസാരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വാക്കുകളില്‍ നിഴലിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ഇവരെ പോലെ എപ്പോഴും ഗൌരവുമുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരുമോ എന്നൊരു ഭയവും എന്‍റെ  മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള വല്യമ്മാനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍, മുറിയിലെ അരണ്ട വെളിച്ചത്തില്‍, ശോഷിച്ച ശരീരവുമായി ചേര്‍പ്പില്‍ പോകുന്ന കാര്യം പറഞ്ഞു, ഒരു കൈ കൊണ്ട് എന്‍റെ കയ്യില്‍ പിടിച്ചു, കണ്ണുകളില്‍ വിഷാദം നിറക്കുന്നത്.

"പണ്ട് എന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ മാങ്ങന്‍സില്‍ (ചേര്‍പ്പിലെ മെഡിക്കല്‍ ഷോപ്പ്) നിന്നും നോവാജിന്‍ (തല വേദനക്കുള്ള മരുന്ന്) വാങ്ങി പോകാറുണ്ട്. അമ്മക്ക് എപ്പോഴും തലവേദന ഉണ്ടായിരുന്നു. ആ മരുന്ന് കൊടുക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി കാണും" പല്ലില്ലാത്ത മോണ കാണിച്ചു ചിരിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. എന്‍റെ നേരെ നോക്കിയാണ് പറഞ്ഞെതെങ്കിലും കണ്ണുകള്‍ അപ്പോഴും ഭൂതകാലത്തിലെന്നോ വല്യ മുത്തശ്ശിയുടെ അടുത്താണ് എന്നെനിക്കു മനസ്സിലായി.

"എനിക്കിപ്പോ 91 വയസ്സായി. പെന്‍ഷന്‍ കൂടും. ഞങ്ങള്‍ക്ക് 91 വയസ്സുകഴിഞ്ഞാല്‍ പെന്‍ഷന്‍ അഞ്ചു ശതമാനം കൂടും." അമ്മാവന്‍ വീണ്ടും പെന്‍ഷനിലേക്ക് മടങ്ങി. സി ആന്‍ഡ് എ.ജി ആപ്പീസില്‍ നിന്നും വിരമിച്ചു ദശാബ്ദങ്ങള്‍ മൂന്നു കഴിഞ്ഞെങ്കിലും സംഖ്യകളും കണക്കും ഇപ്പോഴും കൃത്യം. 

അങ്ങനെ ഇരിക്കെ ഇടയ്ക്കു ചില നേരം ഒന്നും പറയാതെ താഴോട്ടു നോക്കി ഇരിക്കും. പിന്നെ പെട്ടെന്ന് ആവേശത്തോടെ ചേര്‍പ്പിലെ വീടിനെ കുറിച്ചും, ഭാഗോതിയുടെ പൂരത്തെ കുറിച്ചും പറയും. കാവിലമ്മാവന്‍റെ കൂടെ ആറാട്ടുപുഴ പൂരത്തിന് പോയതിനെ കുറിച്ചും, അമ്മാവന്‍ തരുന്ന വിഷുക്കൈ നീട്ടത്തിനു വണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ചും ഒക്കെ പറയും.

"എനിക്കിവിടെ ഇഷ്ടല്ലടാ.. ചേര്‍പ്പില്‍ എനിക്കറിയണ ആള്‍ക്കാരുണ്ട്. ഇവിടെ ആരുമില്ല.. അവരൊക്കെ നല്ല ആള്‍ക്കാരായിരുന്നു.. എനിക്കവിടെ പോയാല്‍ മതി. എന്‍റെ സ്വന്തം വീട് അവിടെ ഉണ്ട്. ഇപ്പൊ പൂട്ടി ഇട്ടിരിക്കുകയാണ്. പണ്ട് ഗുജറാത്തില്‍ ആയിരുന്നപ്പോള്‍ എനിക്കുണ്ടായിരുന്ന ടെനമെന്റ് വിറ്റ് കിട്ടിയ കാശുകൊണ്ട് പണിതതാ. എനിക്കവിടെ പോയാല്‍ മതി. ഇവിടെ എനിക്കറിയുന്ന ആരുമില്ല" 
എന്‍റെ വീട് എന്നു പറയുമ്പോള്‍ പഴയ ഉത്സാഹം ക്ഷണനേരത്തേക്ക് ആ മുഖത്ത് മിന്നി മറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

പുറത്ത് ഒരു വേനല്‍ മഴക്കുള്ള സന്നാഹം കണ്ടപ്പോള്‍ അമ്മാവനോട് യാത്ര പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പോകാന്‍ നേരം കയ്യില്‍ പിടിച്ചു കുറെ നേരം മിണ്ടാതെ ഇരുന്നു. അത്രയും നേരം ഉത്സാഹത്തോടെ സംസാരിച്ച ആള്‍ ഓര്‍മ്മകള്‍ക്കിടയില്‍ വാക്കുകള്‍ക്കായ് പരതുന്ന പോലെ. പുറത്ത് മൂടി കെട്ടി വന്ന മഴക്കാറുകള്‍ അമ്മാവന്റെ കണ്ണുകളിലൂടെ ഒരു തുള്ളിയായ് പെയ്തിറങ്ങി. 

"ഇനി കിടക്കാം" അമ്മാവന്‍ പതുക്കെ പറയുന്നത് വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഞാന്‍ കേട്ടു. 

പഴമയുടെ മഞ്ഞ നിറം പടര്‍ന്ന പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെ സന്ധ്യാ നേരം മഞ്ഞ വെളിച്ചത്തില്‍ തെളിഞ്ഞു നിന്നപ്പോള്‍ ഞാനും ചേര്‍പ്പില്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

"നിങ്ങളും വയസ്സായാല്‍ ഇതന്നെ ആകും അവസ്ഥ" പത്നി മൊഴിഞ്ഞു.

"അതിനു മുമ്പ് തന്നെ നമ്മള്‍ ചേര്‍പ്പിലേക്ക് പോകുമല്ലോ" ഉള്ളില്‍ നിറഞ്ഞ സങ്കടം ഒളിപ്പിച്ചു ഞാന്‍ എന്നോടുതന്നെയായി പറഞ്ഞു.

"ഐ ആം കണ്‍ഫൈന്‍ഡ് ടു ദാറ്റ് പ്ലേസ്" ഗേറ്റ് കടന്നു നിരത്തിലേക്ക് ഇറങ്ങിയപ്പോള്‍ എന്‍റെ മനസ്സിലെ വല്യമ്മാന്‍ മന്ത്രിച്ചു.

1 comment:

© Mubi said...

വാര്‍ദ്ധക്യവും, അപരിചിതമായ ഇടത്തിലെ ഒറ്റപ്പെടലും അനുഭവിക്കുന്ന വല്യമ്മാവന്‍റെ മനസ്സിലെ നോവുകള്‍ വാക്കുകളിലൂടെ പകര്‍ത്താനായി...