April 15, 2018

കണ്ണുകാണാത്ത കൃഷ്ണേട്ടന്‍

ഒരു ദേശത്തിന്‍റെ കഥ പറയുമ്പോള്‍ വലിയ തറവാടുകളുടെയും, അവിടെ വസിച്ചിരുന്ന പ്രതാപികളായ കാരണവന്മാരുടെയും മറ്റു അന്തേവാസികളുടെയും കഥ മാത്രം പറഞ്ഞാല്‍ അതു ആത്മാവില്ലാത്ത വെറും വാചകകസര്‍ത്ത് മാത്രമാകും. ഒന്നോ രണ്ടോ തലമുറകള്‍ക്കിപ്പുറം പിന്‍ഗാമികളുടെ ഓര്‍മകളിലെ മാറാല പിടിച്ച മൂലകളില്‍ മാത്രം അവശേഷിക്കുന്ന ചില ജന്മങ്ങള്‍ ഉണ്ട്; എല്ലാ നാട്ടിലും, എല്ലാ കാലത്തും. തന്റേതായി ഈ ലോകത്ത് ഇങ്ങനെ കുറച്ച് ഓര്‍മ്മകള്‍ മാത്രം അവശേഷിപ്പിച്ചു എങ്ങോ മറഞ്ഞവര്‍. അവര്‍ ഒരിക്കലും പ്രതാപികളല്ല; എന്നാല്‍ അവരില്ലാതെ, അവരുടെ വിയര്‍പ്പിന്‍റെ തിളക്കമില്ലാതെ നമുക്ക് ആ നാടിനെ മനസ്സിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കണ്ണുകാണാത്ത കൃഷ്ണന്‍ നായരുടെ (കൃഷ്ണേട്ടന്‍) കഥ ഇവിടെ കുറിക്കുന്നു. ഞാന്‍ ഈ കഥ കേള്‍ക്കുന്നത് എന്‍റെ അമ്മയില്‍ നിന്നാണ്. ഓര്‍മ്മകള്‍ ഒരിക്കലും ശിലാലിഖിതങ്ങള്‍ പോലെ കാലത്തിന്‍റെ പ്രഹരങ്ങളെ അതിജീവിച്ചു സ്ഥായിയായി നില്ക്കുന്നവ അല്ലാത്തതുകൊണ്ട് ഈ കഥ എത്രത്തോളം വാസ്തവുമായി പൊരുത്തപ്പെട്ടു കിടക്കുന്നു എന്ന് തീര്‍ച്ചയായി പറയാന്‍ പറ്റില്ല. ഭാവനാ സമ്പന്നമായ കൈകളില്‍ സ്വന്തം ഓര്‍മ്മകള്‍ പോലും മാറിമറിയും എന്നിരിക്കെ അമ്മയുടെ ഓര്‍മ്മ ശകലങ്ങള്‍ എന്‍റെ കാഴ്ചപ്പാടുകള്‍ക്കനസുരിച്ചു കുറിക്കുന്നു. അതുകൊണ്ട് തന്നെ വാസ്തവുമായി എന്തെങ്കിലും വിത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ സദയം ക്ഷമിക്കുക. 

കൃഷ്ണന്‍  നായര്‍ക്ക് കണ്ണുകാണില്ല. അന്ധത ജന്മനാ ഉണ്ടായിരുന്നതാണോ, അതോ പിന്നീട് വന്നുചേര്‍ന്നതാണോ എന്ന് എനിക്കറിയില്ല. ഞാന്‍ കേട്ട കഥകളില്‍ കൃഷ്ണേട്ടന് കണ്ണുകാണില്ല. എന്‍റെ രണ്ടു തലമുറ മുമ്പ് ജീവിച്ചു മരിച്ച ഒരു ജന്മം. അന്ന് കൃഷ്ണവാര്യരാണ് തറവാട്ടിലെ കാരണവര്‍. സഹോദരങ്ങളും, മറ്റു അന്തേവാസികളും എന്‍റെ അമ്മ അടക്കം) ഒക്കെ ആയി ഇരുപതിലധികം പേര്‍ അക്കാലത്ത് തറവാട്ടില്‍ ജീവിച്ചു പോന്നിരുന്നു. ഇതില്‍ മൂത്ത കാരണവരുടെ ഒരു സഹോദരനു അല്പം വൈദ്യമൊക്കെ അറിയാമെന്നതിനാല്‍ അദ്ദേഹമായിരുന്നു തറവാട്ടിലെ അന്തേവാസികളുടെ ആരോഗ്യരക്ഷകന്‍. വൈദ്യന്‍ എഴുതുന്ന കുറിപ്പടി പ്രകാരം വേണ്ട പച്ചമരുന്നുകള്‍ അങ്ങാടിയില്‍ നിന്നും വാങ്ങി കൊണ്ടുവന്നു മരുന്നുകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിരുന്നത് കൃഷ്ണേട്ടന്‍ ആയിരുന്നു. അങ്ങനെ തറവാട്ടിലെ വൈദ്യന്റെ സഹായിയായി കൃഷ്ണേട്ടന്‍  ജീവിച്ചുപോന്നു. പച്ചമരുന്നുകള്‍ക്കിടയിലാണ് കൃഷ്ണേട്ടനെ എന്നും കാണുക പതിവ്. ജീവിതത്തിന്റെ സിംഹഭാഗവും പച്ചമരുന്നുകള്‍ക്കിടയില്‍ ജീവിച്ചിട്ടും തന്‍റെ കണ്ണുകളിലെ അണഞ്ഞ വെളിച്ചം വീണ്ടും ജ്വലിപ്പിക്കാന്‍ കൃഷ്ണേട്ടന് സാധിച്ചില്ല. 

ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും കൃഷ്ണേട്ടന്‍ വലിയ ഭക്തനായിരുന്നു. എല്ലാ ദിവസവും ഭൂമി ദേവിയെ തൊഴുകയും, നാമം ജപിക്കുകയും ചെയ്തിരുന്ന ഭക്തന്‍. അന്നൊന്നും ഭക്തി എന്നത് മനസ്സിന്‍റെ ഒരു വികാരമെന്നതിനപ്പുറം കരങ്ങളുടെ ഒരു വികാരമെന്ന തലത്തിലേക്ക് താഴ്ന്നിരുന്നില്ല. നാമം ജപിച്ചു അമ്പലത്തിനെ പ്രദക്ഷിണം ചെയ്യുന്ന കൃഷ്ണേട്ടനെ ഇപ്പോള്‍ നമുക്ക് കാണാന്‍ സാധിക്കില്ല എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ അത്തരം രൂപങ്ങളെ നമുക്ക് ഇപ്പോഴും കാണാന്‍ സാധിക്കും. അവര്‍ക്ക് ഭക്തി എന്നത് ഒരു താങ്ങാണ്, ഒരു പ്രതീക്ഷയാണ്. കണ്ണുകാണാത്ത കൃഷ്ണേട്ടനും ഒരു കയ്യില്‍ പിടിച്ചിരുന്നത് ഒരു വടിആയിരുന്നു എങ്കില്‍ മറു കയ്യില്‍ മുറുകെ പിടിച്ചിരുന്നത് ഈ ഭക്തി ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ആ ഭക്തിയുടെ ശക്തി തന്നെയാണ് അദ്ദേഹത്തെ എല്ലാ വര്‍ഷവും ശബരിമലയിലേക്ക് നയിച്ചിരുന്നത് എന്നും എനിക്ക് തോന്നുന്നു. 

അക്കാലത്തും ശബരിമല യാത്ര എന്നാല്‍ അപകടം പിടിച്ച ഒരു ഉദ്യമമായിരുന്നു. ഇപ്പോള്‍ ഉള്ള സൌകര്യങ്ങള്‍ ഒന്നും അന്ന് ലഭ്യമായിരുന്നില്ല.യാത്ര പോയാല്‍ തിരികെ എത്തും എന്നുള്ളത് അയ്യപ്പന്‍റെ തിരുമാനം പോലെ ആയിരുന്ന കാലം.  അങ്ങനെ ഒരു വര്‍ഷം  ഇരുമുടിയുമേന്തി കൃഷ്ണേട്ടന്‍ മലക്ക് പോയി. തന്‍റെ സ്വന്തം അമ്മയെ, ഭൂമി ദേവിയെ വണങ്ങി മാലയിട്ടു, ഇരുമുടി നിറച്ചു ഒരു കയ്യില്‍ വടിയുമായി കൃഷ്ണേട്ടന്‍ അമ്പലത്തിന്റെ പടി കടന്നു തെക്കോട്ട്‌ നടന്നത് ഒരു സായാഹ്നത്തില്‍ ആയിരക്കണം. എങ്ങനെയാണ് അക്കാലത്ത് ഇത്രയും ദൂരം കൃഷ്ണേട്ടന്‍ തരണം ചെയ്തത് എന്ന് കൃത്യമായി എനിക്കറിയില്ല. എങ്കിലും മനുഷ്യര്‍ക്ക് ഇന്നത്തെ അത്രയും വേഗമില്ലാതിരുന്ന അക്കാലത്ത് കൃഷ്ണേട്ടന് വഴിയില്‍ വേണ്ട സഹായങ്ങള്‍ ലഭിച്ചിരുന്നു എന്ന് വേണം കരുതാന്‍. 

മറ്റു ശബരിമല യാത്രകളെ പോലെ ആയിരുന്നില്ല ആ വര്‍ഷം. ഇത്തവണ കൃഷ്ണേട്ടന്റെ യാത്ര ദേവ സന്നിധിയിലേക്ക് തന്നെ ആകും എന്ന് ഇരുമുടി നിറക്കുമ്പോള്‍ ആ മനസ്സില്‍ തെളിഞ്ഞിരുന്നോ എന്ന് അറിയില്ല. കാരണം ആ വര്‍ഷമായിരുന്നു ശബരിമല തീയില്‍ കത്തിയമര്‍ന്നത്. നിരവധി ജീവനുകള്‍ ആ അഗ്നിയില്‍ കത്തിയമര്‍ന്നു. ഇനിയും നിരവധിപേര്‍ കാണാതെപോയവര്‍ എന്ന പേരില്‍  പത്രക്കടലാസുകളില്‍ അന്നുമുതല്‍ ഇപ്പോഴും ജീവിച്ചു പോരുന്നു. അന്ന് ആ അപകടത്തില്‍ കാണാതെ പോയ അസംഖ്യം പേരുകളില്‍ ഒന്ന് കൃഷ്ണേട്ടന്റെ ആയിരുന്നു. അത്തവണ ശബരിമലയില്‍ നിന്നും പ്രസാദവുമായി കൃഷ്ണേട്ടന്‍ തട്ടകത്തമ്മയെ വണങ്ങാന്‍ വന്നില്ല. ഒരു നാടും, നാട്ടാരും നെടുവീര്‍പ്പുകൊണ്ടും, കണ്ണില്‍ നിറഞ്ഞ ഒരു തുള്ളി കണ്ണുനീരുകൊണ്ടും കൃഷ്ണേട്ടനു ഉദകക്രിയ ചെയ്തു. 

കാണാതെ പോയി എന്നാണു സര്‍ക്കാര്‍ ഭാഷ്യം എങ്കിലും  ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ ഉണ്ടാക്കി ജീവിച്ച കൃഷ്ണേട്ടന്‍ അയ്യപ്പന്‍റെ ആ വിഷഹാരിയായ വിഗ്രഹത്തോടൊപ്പം അഗ്നിപ്രവേശം ചെയ്തു എന്നാണു ചേര്‍പ്പുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഭക്തികൊണ്ട് അകക്കണ്ണ് തെളിയിച്ച കൃഷ്ണേട്ടന്‍റെ ഓര്‍മ്മകള്‍ ഒരു ചിരാതില്‍ ഇപ്പോഴും ശബരിമലയില്‍ ജ്വലിക്കുന്നുണ്ടാകും.

No comments: