രാമേട്ടനെ കുറിച്ചു ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. എങ്കിലും വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി രാമേട്ടനെ ഒന്ന് പരിചയപ്പെടുത്താം. ചേര്‍പ്പിലെ നാല് രാമേട്ടന്മാരില്‍ സീനിയര്‍ മോസ്റ്റും, മുത്തശ്ശന്റെ ബന്ധുവുമായ രാമേട്ടന്‍ ഞങ്ങളുടെ കൂടെ ആയിരുന്നു കുറെക്കാലം താമസിച്ചിരുന്നത്. ഞങ്ങളുടെ "വെളിപ്പടക്ക" പരീക്ഷണങ്ങളുടെ മുഖ്യ ഇരയായിരുന്നു രാമേട്ടന്‍.
രാമേട്ടനു പണ്ട്, വളരെ പണ്ട്, പാട്ടുരായ്ക്കലില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം ഒരു കെട്ടിടം പണിയുന്നതിനു വേണ്ടി അക്വയര്‍ ചെയ്തതിനു ശേഷമാണ് രാമേട്ടന്‍ ഞങ്ങളുടെ കൂടെ താമസമാക്കിയത്. ഹോട്ടല്‍ പൊളിച്ചു കളഞ്ഞെങ്കിലും അവിടെ ഉണ്ടായിരുന്ന പഴയ ആട്ടുകല്ല് എടുത്തുകൊണ്ടുപോകാന്‍ (ഭാരം സമ്മതിക്കാത്തത് കൊണ്ടാകണം) അവര്‍ മിനക്കെട്ടില്ല. കുറെ കാലം റോഡരുകില്‍ ആ ആട്ടുകല്ല് കിടന്നിരുന്നത്രേ. പിന്നീടു എപ്പോഴോ നഗരത്തിന്‍റെ വളര്‍ച്ചയില്‍ അതും അപ്രത്യക്ഷമായി. തൃശ്ശൂര്‍ നഗരത്തിലെ താമസമാകണം രാമേട്ടനെ ഒരു പൂരപ്രാന്തനാക്കിയത്.
"ഇന്നല്ലേ സേമ്പിള്‍!!" പൂരത്തിന് രണ്ടു ദിവസം മുമ്പേ രാമേട്ടന്‍റെ മുഖത്തെ ചിരിയില്‍ നിന്നും ചേര്‍പ്പുകാര്‍ വായിച്ചെടുക്കും.
"സേമ്പിളി"ന്‍റെ അന്ന് രാവിലെ പ്രാതല്‍ കഴിഞ്ഞാല്‍ തേച്ചു അലക്കി വെച്ചിരിക്കുന്ന ഡബിള്‍ മുണ്ടെടുത്ത് ഉടുത്ത്, നല്ല ഒരു ഷര്‍ട്ടും ഇട്ടു സന്തതസഹചാരിയായ ഹേര്‍ക്കുലീസ് സൈക്കിളില്‍ രാമേട്ടന്‍ തൃശ്ശൂരിലേക്ക് തിരിക്കും. പിന്നെ രണ്ടു ദിവസം അവിടെ മകളുടെ കൂടെയാണ് താമസം. നഗരത്തില്‍ തന്നെയാണ് അവരുടെ വീട് എന്നതുകൊണ്ട് പൂരം കൂടാന്‍ എളുപ്പമാണ്. തെക്കോട്ടിറക്കവും, മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും, കുടമാറ്റവും, വെടിക്കെട്ടും പിറ്റേ പകല്‍ ഓചാരവും ഒക്കെ കണ്‍നിറയെ കണ്ടും, കേട്ടും പോകുമ്പോള്‍ മുഖത്ത് ഉണ്ടായിരുന്ന അതേ ചിരിയോടെ രണ്ടു ദിവസം കഴിഞ്ഞു രാമേട്ടന്‍ തിരികെ വരും.
എല്ലാ വര്‍ഷവും ഈ ചടങ്ങ് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മുത്തശ്ശനും കുറെ കാലം ഇതുപോലെ പൂരം കൂടാന്‍ പോയിരുന്നു. തൃശ്ശൂരുള്ള സുഹൃത്തുക്കളോടൊപ്പം പൂരമൊക്കെ കൂടി രണ്ടു ദിവസം കഴിഞ്ഞേ വരൂ. മുത്തശ്ശന്‍ ചേര്‍പ്പിലമ്പലത്തില്‍ മേളം കേള്‍ക്കാന്‍ ഇടക്ക് എന്നേയും കൊണ്ടുപോകാറുണ്ട് എങ്കിലും എനിക്കതെല്ലാം അന്ന് അരോചകമായാണ് തോന്നാറ്. വര്‍ഷങ്ങക്ക് ശേഷം പഞ്ചവാദ്യവും, മേളവും ആസ്വദിച്ചു കഴിച്ച ഒരു പെരുവനം പൂരരാവിനു ശേഷമാണ് എന്നിലും പാരമ്പര്യമായി കിട്ടിയ പൂരപ്രാന്ത് ഉണര്‍ന്നത്. രാമേട്ടന്‍റെ അന്നത്തെ ചിരിയും സന്തോഷവും ഞാന്‍ നേരില്‍ കണ്ടിട്ടില്ല എങ്കിലും ആ വികാരം ഇപ്പോള്‍ എനിക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അതുകൊണ്ട് തന്നെയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ സംഗീതവും, ഭക്തിയും, ആവേശമാകുന്ന പകലുകളും രാത്രികളും, പൂരപറമ്പില്‍ കണ്ടുമുട്ടുന്ന പഴയ സൌഹൃദങ്ങളും ഒക്കെ മനസ്സില്‍ നിറക്കുന്ന പരമാനന്ദം മനസ്സിലാകണം എങ്കില്‍ ഒരിക്കലെങ്കിലും വിയര്‍പ്പില്‍ കുളിച്ചു, കൈകള്‍ ഉയര്‍ത്തിയാട്ടി മേളത്തില്‍ മയങ്ങി, പൂരപറമ്പിലൂടെ അലക്ഷ്യമായി നടന്നു, കയ്യും കാലും തളരണം. ഈ മനസ്സിലെ പൂരമാണ് അടുത്ത 364 ദിവസത്തേക്കുള്ള പ്രതീക്ഷയും, പ്രാര്‍ത്ഥനയും.
No comments:
Post a Comment