ജോര്‍ജ് ഓര്‍വെല്‍ എഴുതിയ 1984 സമയത്തിന് അതീതമായ ക്ളാസിക് ആയാണ് കണക്കാക്കപെടുന്നത്. ഏകാധിപത്യത്തില്‍ (ഒരു പാര്‍ട്ടിയുടെ) അധിഷ്ഠിതമായ ഒരു പാര്‍ട്ടി എങ്ങനെ ജനങ്ങളെ അടിച്ചമര്‍ത്തി അവരുടെ ചിന്തകളെ വരെ നിയന്ത്രിക്കുന്നു എന്ന് വളരെ ഭംഗിയായി ഓര്‍വല്‍ പറഞ്ഞു വെക്കുന്നു. തുടര്‍ച്ചയായ നിരീക്ഷണം ഈ അടിച്ചമര്‍ത്തലിന്‍റെ മര്‍മ്മപ്രധാനമായ ആയുധമാണ്. പാര്‍ട്ടി അംഗീകരിക്കാത്ത ചിന്തകളെ പോലും കണ്ടുപിടിച്ചു അത്തരക്കാരെ ശിക്ഷിക്കാന്‍ "തോട്ട് പോലീസ്" എന്ന സേന വിഭാഗവും ഓര്‍വല്‍ വിഭാവനം ചെയ്യുന്നു. ഇന്ന് മാതൃഭൂമിയിലെ വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മവന്നത് ഓര്‍വലിന്‍റെ 1984 ലോകമാണ്.
കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ നിരീക്ഷിച്ച് പാർട്ടിക്ക് റിപ്പോർട്ട് നൽകാൻ സി.പി.എം. നിയോഗിച്ച 1800 സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി എന്നാണു വാര്‍ത്ത. 45-നു താഴെ പ്രായമുള്ള ഇവരിൽ മിക്കവരും ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ്. ഒരു വർഷത്തേക്ക് നിയോഗിച്ച ഇവർക്ക് മാസം 7500 രൂപ പ്രതിഫലം നൽകും. രാഷ്ടീയ കാര്യങ്ങളിൽ നേരിട്ട് ഇടപെടില്ല എങ്കിലും പ്രദേശങ്ങളിലെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യലാണ് സന്നദ്ധ പ്രവർത്തകരുടെ ചുമതല എന്നും വാര്‍ത്തയില്‍ പറയുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നുണ്ടോ എന്നും പരിശോധിക്കും എന്നുകൂടി പറഞ്ഞു വാര്‍ത്ത അവസാനിക്കുന്നു. കേരളത്തിലെ വ്യവസായ ശാലകള്‍ പൂട്ടിച്ചും, പുതിയത് തുടങ്ങാന്‍ വരുന്നവരെ ഓടിച്ചും, നല്ലൊരു ശതമാനം ആള്‍ക്കാരെ പ്രാവസികളും, ജോലി ഇല്ലാത്തവരും ആക്കി മാറ്റിയ പാര്‍ട്ടി 1800 പേര്‍ക്ക് ജോലി കൊടുത്തു എന്നത് നല്ലതല്ലേ? ഒറ്റ നോട്ടത്തില്‍ പലര്‍ക്കും നിര്‍ദോഷമെന്നു തോന്നാവുന്ന കാര്യം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ ശാരീരികവും, സൈദ്ധാന്തികവും ആയ അടിച്ചമര്‍ത്തലില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി (സംശയമുള്ളവര്‍ പാര്‍ട്ടി ഭരിച്ചിരുന്ന/ഭരിക്കുന്ന സ്ഥലങ്ങളിലേക്ക് നോക്കിയാല്‍ മതി) ജനങ്ങളെ നിരീക്ഷിക്കാന്‍ ഇറങ്ങി തിരിക്കുന്നതിനെ അത്ര ലാഘവത്തോടെ കാണാന്‍ സാധിക്കില്ല.
എതിരഭിപ്രായങ്ങളെ ഉന്മൂലനം ചെയ്ത് പാര്‍ട്ടിയുടെ സര്‍വാധിപത്യമാണ് ചൈനയിലും, ഉത്തര കൊറിയയിലും ക്യൂബയിലും ഒക്കെ ഇപ്പോഴും നടക്കുന്നത്. പാര്‍ട്ടിയെയോ, പാര്‍ട്ടിയുടെ ആരാധ്യ നേതാക്കളെയോ ബഹുമാനിക്കാത്തവര്‍, അല്ലെങ്കില്‍ പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ എന്നും ഉന്മൂലനം ചെയ്യപ്പെട്ടിട്ടെ ഉള്ളു. ആ ഒരു സംസ്കാരം കൊണ്ട് നടക്കുന്ന പാര്‍ട്ടി അഭ്യസ്ത വിദ്യരായ, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത (വാര്‍ത്തയില്‍ നിന്നും ഇതൊരു മുഴുവന്‍ സമയ ജോലി ആയാണ് തോന്നുന്നത്), പുരുഷന്മാരെ മാരെ മാത്രം കണ്ടെത്തി ഇങ്ങനെ ഒരു സംഘം ഉണ്ടാക്കുമ്പോള്‍ 1984ലെ ചിന്താ പോലീസിന്റെ കേരള വേര്‍ഷന്‍ ആയാണ് ഞാന്‍ കാണുന്നത്. ലിംഗ സമത്വത്തില്‍ ഇത്രയേറെ വിശ്വസിക്കുന്ന പാര്‍ട്ടി എന്തുകൊണ്ടാണ് സ്ത്രീകളെ ഇതില്‍ ഉള്‍പെടുത്താത്തത് എന്നും ആലോചിക്കുക. ഒരു വര്‍ഷം ഈ പടക്ക് അലവന്‍സ് ആയി മാത്രം നല്‍കുന്നത് 16.20 കോടി രൂപയാണ്. താമസവും, ഭക്ഷണവും വേറെ. ജനങ്ങളില്‍ നിന്നും പിരിച്ച കാശാണ് ഇത് എന്നും, ഭാവിയില്‍ അംഗങ്ങളുടെ എണ്ണം കൂട്ടും എന്നും വാര്‍ത്തയില്‍ സൂചന ഉണ്ട്. മുണ്ട് മുറുക്കി ഉടുക്കണം എന്നും, പ്രളയാനന്തര ദുരിതത്തില്‍ നിന്നും കര കയറാന്‍ എല്ലാവരും സഹായിക്കണം എന്നും നാഴികക്ക് നാല്‍പതു തവണ പറയുന്ന നേതാക്കള്‍ ഇത്രയും വലിയ തുക "നിരീക്ഷ"ണത്തിനു വേണ്ടി മാറ്റി വെക്കുന്നതിന്‍റെ ഉദ്ദേശശുദ്ധി വാര്‍ത്തയില്‍ പറയുന്ന പോലെ നിഷ്കളങ്കമാണ് എന്ന് കരുതുക വയ്യ; പ്രത്യേകിച്ച് അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുമ്പോള്‍.
ജോര്‍ജ് ഓര്‍വലിന്‍റെ 1984ല്‍ സര്‍വവ്യാപിയായ ഒരു പോസ്റ്റര്‍ ഉണ്ട്: കട്ടിമീശ (സ്ടാലിന്റെ ചിത്രം സ്മരിക്കുക)യുള്ള ഒരാളുടെ ചിത്രത്തിന് താഴെ "ബിഗ് ബ്രദര്‍ ഈസ് വാച്ചിംഗ് യു" എന്നാണു പോസ്റ്റര്‍. "സഖാവ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, സൂക്ഷിക്കുക" എന്ന രീതിയില്‍ പോസ്റ്ററുകള്‍ വരാന്‍ കേരളത്തിലും അധികം താമസിക്കില്ല എന്ന് തോന്നുന്നു. പിന്നെ ഒരു സമാധനാമുള്ളത്, കേരളം ഒരു സ്വതന്ത്ര രാജ്യമല്ല എന്നതും, അതുകൊണ്ട് തന്നെ ഭാരത രാജ്യത്തെ ജനാധിപത്യ നിയമങ്ങള്‍ (അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്) പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്നതുമാണ്. എങ്കിലും ഇത്തരത്തില്‍ ചിന്തകളെ വരെ നിരീക്ഷിക്കുന്ന ഒരു അവസ്ഥ വന്നാല്‍ ജനങ്ങള്‍ക്ക് പിന്നെ എന്ത് സ്വാതന്ത്ര്യമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക എന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment