വടക്കന്‍ കൊറിയ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമാണ്: നല്ലതിനേക്കാള്‍ ഏറെ കുപ്രസിദ്ധി ആണ് എങ്കിലും. കമ്മ്യൂണിസ്റ്റ്-കുടുംബ-ഏകാധിപത്യ വാഴ്ചയാണ് വടക്കന്‍ കൊറിയയില്‍. നേതാക്കള്‍ ദൈവങ്ങളെക്കാള്‍ ശക്തന്മാരാകുന്ന രാജ്യം. എന്നാല്‍ സാധാരണ ജനങ്ങളോ? ദാരിദ്ര്യവും, പട്ടിണിയും, ഭരണകൂട ഭീകരതയും സഹിക്കാവുന്നതിലും അപ്പുറമാകുമ്പോള്‍ അവര്‍ 'മതിലുകള്‍' ചാടുന്നു; ഒരു നല്ല ഭാവിക്കായി. അങ്ങനെ ഉള്ളവരെ പിന്‍ തിരിപ്പിക്കാന്‍ അതിര്‍ത്തികളില്‍ മുള്ളുവേലികളും, മൈനുകളും ഉണ്ടെങ്കിലും ജനങ്ങള്‍ വീണ്ടും വീണ്ടും ഭാഗ്യം പരീക്ഷിക്കുന്നു. കോരിച്ചോരിയുന്ന മഴയില്‍, കുത്തിയൊലിക്കുന്ന നദിയിലേക്ക് മസാജി ഇഷികാവ എടുത്തു ചാടിയത് തന്‍റെ മാത്രമല്ല, ഭാര്യയുടയൂം, കുട്ടികളുടെയും, സഹോദരികളെയും ഒക്കെ രക്ഷിക്കാനായാണ്. മസാജിയുടെ ജീവിത അനുഭവങ്ങളാണ് "എ റിവര്‍ ഇന്‍ ഡാര്‍ക്ക്നെസ്".
ഇന്നത്തെ എറണാകുളം യാത്രയില്‍ തീവണ്ടിയില്‍ ഇരുന്നു പുസ്തകം വായിച്ചു തീര്‍ത്തു. അവസാന വാക്കും വായിച്ചു തീരുമ്പോള്‍ മസാജിക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന ചോദ്യം അവസാനിക്കും. അയാളുടെ ജീവിതാനുഭവങ്ങള്‍ ഒരു നടുക്കത്തോടെ അല്ലാതെ നമുക്ക് വായിക്കുവാന്‍ സാധ്യമല്ല. 1984ല്‍ ജോര്‍ജ് ഓര്‍വെല്‍ വരച്ചിട്ട സാങ്കല്പിക ഏകാധിപത്യ രാജ്യത്തിന്‍റെ വേറൊരു പതിപ്പാണ് നമ്മുടെ മുന്നില്‍ തെളിയുന്ന വടക്കന്‍ കൊറിയ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എങ്ങനെ സാധാരണ ജനങ്ങളെ പട്ടിണിക്കിട്ടും, പോലീസ് ഭീകരത കൊണ്ടും, ചെറു പ്രായത്തിലെ തുടങ്ങുന്ന മസ്തിഷ്കപ്രക്ഷാളനം കൊണ്ടും അടക്കി ഭരിക്കുന്നു എന്ന് നമുക്ക് മുന്നില്‍ വരച്ചിടുന്നു ഇഷികാവ. തൊഴിലാളികളുടെ സ്വര്‍ഗത്തില്‍ പട്ടിമാംസം വരെ ഭക്ഷിച്ചാണ് (ക്ഷാമ കാലത്ത് മനുഷ്യ മാംസം വരെ ഭക്ഷിക്കുന്നു) ജനങ്ങള്‍ ജീവിക്കുന്നത്. കാട്ടിലെ പുല്ലും, കിഴങ്ങുകളും അങ്ങനെ കയ്യില്‍ കിട്ടുന്ന എന്തും വേവിച്ചു കഴിക്കുന്നു ഇവര്‍ ജീവന്‍ നില നിര്‍ത്താന്‍. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ക്കും, ബുദ്ധി ജീവികള്‍ക്കും ജീവിതം സുഭിക്ഷമാണ്. ഇങ്ങനയുള്ള സ്വര്‍ഗ്ഗ രാജ്യത്തില്‍ നിന്നും ബൂര്‍ഷ്വാ ജപാനിലെക്കാന് ലേഖകന്‍ രക്ഷപ്പെടുന്നത്.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിന്‍റെ എല്ലാ ഭീകരതയും ലേഖകന്‍ വ്യക്തമായ ഭാഷയില്‍ നമുക്ക് മുമ്പില്‍ ലേഖകന്‍ രേഖപ്പെടുത്തുന്നു. ഉരുക്ക്മുഷ്ടിക്കു കീഴില്‍ അമരുന്ന ഒരു ജനതയുടെ രോദനം തന്‍റെ വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ ഇഷികാവക്കായി. എല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
അഞ്ചില്‍ അഞ്ചു നക്ഷത്രങ്ങള്‍
ഓഫ്: ഒരു നേരം കുളിക്കുന്നത് പോലും ബൂര്‍ഷ്വാ സംസ്കാരം ആയാണ് വടക്കന്‍ കൊറിയയില്‍ കണ്ടിരുന്നതത്രേ!
(Image Courtsey: Bettes Pages)
(Image Courtsey: Bettes Pages)
2 comments:
വായിച്ചിട്ടില്ല... ലൈബ്രറിയിൽ നോക്കട്ടെ. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി :)
Read the book... no words!!
Post a Comment