April 21, 2008

അഛനും മകനും

സംഭവം നടക്കുന്നത്‌ കുറച്ചുകൊല്ലങ്ങള്‍ക്കുമുന്‍പാണ്‌, ഒരു മധ്യവേനലവധിക്കാലത്ത്‌. അഛനും ഞാനും കൂടി കോട്ടയത്തേക്ക്‌ ഒരു യാത്ര പോയി.ബന്ധുമിത്രാദികളുടെ ഭവനസന്ദര്‍ശനമാണ്‌ അജന്‍ഡ. അങ്ങനെ യാത്രയുടെ ഇടയില്‍ പാലായില്‍ താമസിക്കുന്ന അഛന്റെ ഒരു അമ്മാവന്റെ വീട്ടിലെത്തി.

ഉച്ചഭക്ഷണത്തിനുശേഷം വരാന്തയില്‍ അവരൊക്കെ ഇരുന്ന് പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതിന്റെ ഇടയില്‍,പൂച്ചക്കെന്ത്‌ പൊന്നുരുക്കുന്നിടത്ത്‌ കാര്യം എന്ന നിലയില്‍ എല്ലാം കേട്ടുകൊണ്ട്‌ ഞാനും ഇരുപ്പുറപ്പിച്ചു.അവിടെ നിലത്ത്‌ ഒരു ബാലരമ കിടക്കുന്നുണ്ടായിരുന്നു. 'കപീഷി"ന്റെ പടമായിരുന്നു മുഖചിത്രം. ആരാലും ശ്രദ്ധിക്കപ്പെടാതെ അതവിടെ കിടന്നു (ഞാന്‍ ആ ലക്കം പണ്ടേ വായിച്ചു കഴിഞ്ഞിരുന്നു).

നിനച്ചിരിക്കാതെ അപ്പോഴാണ്‌ അഛന്റെ കമ്മന്റ്‌ വന്നത്‌. "ഡാ, ദെ നിന്റെ പടം ബാലരമയില്‍".. സദസ്സില്‍ ആകെ കൂട്ടച്ചിരി.ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല,കളിയാക്കുന്നത്‌ സ്വന്തം അഛനായാല്‍ കൂടി. അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചടിച്ചു. "അതു ശരിയാ, മകന്‌ അഛന്റെ ഛായ ഉണ്ടാകുമല്ലൊ"

ഇത്തവണ കുറച്ചുകൂടി വല്യ ചിരി സദസ്സില്‍നിന്നുയര്‍ന്നു. അഛന്‍ ചമ്മല്‍ മറക്കാന്‍ ശ്രമിച്ചു കൊണ്ട്‌ എന്നൊടു പറഞ്ഞു. "നീ ആളു ഭയങ്കരനാണല്ലൊ!! എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല"...

1 comment:

Jayasree Lakshmy Kumar said...

എന്നാലും അത്രയും വേണ്ടീരുന്നില്ല