വരനും വധുവിനും സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിച്ച് ഇറങ്ങിയപ്പോള്‍ സമയം മൂന്നു മണി കഴിഞ്ഞിരുന്നു. അപ്പോഴും വീട്ടിലെ തിരക്കൊഴിഞ്ഞിട്ടുണ്ടായിരുന്നിട്ടില്ല. അങ്ങനെ അവന്റെ കത്തിക്കലും കഴിഞ്ഞു; ജോഷി ഒരു ചെറു ചിരിയോടെ ആത്മഗതം പോലെ പറഞ്ഞു. കല്യാണ വീടിന്റെ അടുത്ത് തന്നെയാണ് പഴുവില്‍ പള്ളി. പുരാതനമായ ഒരു ആരാധനാലയം. "പള്ളിയില്‍ പോയാലോ?" പഴമയില്‍ എനിക്കുള്ള താല്പര്യം അറിയാവുന്ന ജോഷി ചോദിച്ചു. കാറിനെ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തന്നെ വിട്ടു ഞങ്ങള്‍ പള്ളി ലക്ഷ്യമാക്കി നടന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പള്ളിയാണ് പഴുവിലെ സെന്റ്. അന്റണീസ് ദേവാലയം. പതിനാറാം നൂറ്റാണ്ടില്‍ ഗോത്തിക് ശൈലിയില്‍ പുതുക്കിപണിതു. അതിനു ശേഷവും പുതിയ എടുപ്പുകള്‍ പള്ളിയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പഴമയുടെ സൌന്ദര്യം ആ ദേവാലയത്തിന് ഒരു പ്രത്യേക സൌന്ദര്യം തന്നെ നല്‍കുന്നു.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ പള്ളിയില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനസ്സിനെ ശാന്തമാക്കുന്ന ഒരു നിശ്ശബ്ദത അവിടമാകെ തങ്ങി നിന്നു. ബൈബിളിലെ കഥാ സന്ദര്‍ഭങ്ങളുടെ കൊത്തുപണികളാല്‍ അലംകൃത്യമായ വലിയ ഒരു ദാരുശില്‍പം അള്‍ത്താരയെ പ്രൌഢമാക്കുന്നു. മധ്യത്തില്‍ മടക്കാവുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമണം ഭയന്ന് ഇത് മടക്കി വെക്കുകയുണ്ടായത്രേ. അതിനു മുന്‍പോ, അതിനു ശേഷമോ ഒരിക്കല്‍ പോലും ഈ ശില്‍പം മടക്കി വെച്ചിട്ടില്ല എന്ന് ജോഷി പറഞ്ഞു. അള്‍ത്താരക്ക് അഭിമുഖമായി നില്‍ക്കുമ്പോള്‍ വലതു ഭാഗത്തായി ക്രൂശിതനായ യേശുവിന്റെ ഒരു ശില്‍പം സ്ഥിതി ചെയ്യുന്നു. ശിപത്തിനു നേരെ എതിരെ വൈദികന് പ്രസംഗിക്കാനായി 'പള്‍പിറ്റ്' എന്നറിയപ്പെടുന്ന പുരാതനമായ ഒരു പ്ലട്ഫോരം സ്ഥിതിചെയ്യുന്നു. അള്‍ത്താരയിലെ ദാരുശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികള്‍ ഇവിടെയും നമുക്ക് കാണാവുന്നതാണ്. ആനവാതിലിന്നു മുകളില്‍ കന്യാസ്ത്രീകള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന ബാല്‍ക്കണിയിലും ഇതേ മട്ടിലുള്ള ശില്പങ്ങള്‍ കാണാവുന്നതാണ്. ഇപ്പോള്‍ ഈ ബാല്‍ക്കണി ഒരു ചെറിയ മ്യൂസിയമാക്കി മാറ്റിയിട്ടുണ്ട്.
ഇപ്രകാരം പഴമയുടെ അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്ന, യുഗങ്ങളുടെ പ്രാര്‍ത്ഥനകള്‍ അലയടിക്കുന്ന ആ അള്‍ത്താരയ്ക്കുമുമ്പില്‍ നിശ്ശബ്ദനായി കുറച്ചു നേരം ഞാന്‍ നിന്നു. സ്വന്തം ചെയ്തികളിലെ നന്മ-തിന്മകള്‍ കണ്ടെത്താനും, ശാന്തമായ മനസോടെ ചിന്തിക്കാനും ആ ഒരു അന്തരീക്ഷം നമ്മെ സഹായിക്കുന്നു. ഒരു പക്ഷെ ആരാധനാലയങ്ങളുടെ ഉദ്ദേശവും അത് തന്നെയാകണം.
പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും സമയം നാലിനോടടുത്തുതുടങ്ങിയിരുന്നു. ജോഷിയുടെ വീട്ടില്‍ പോയി കുറച്ചു നേരം അവിടെ സംസാരിച്ചിരുന്നു. അഞ്ചുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഇറങ്ങി. തായംകുളങ്ങരയില്‍ ബസ് ഇറങ്ങി പെരുവനം അമ്പലത്തെ ചുറ്റിയുള്ള വഴിയിലൂടെ വീട്ടിലേക്ക് നടന്നു.
അമ്പലത്തിന്റെ തെക്കേ നട തുറന്നു കിടന്നിരുന്നു. സായഹ്നത്തില്‍ അരയാലിലകളെ പോലും പ്രാര്‍ത്ഥനാ നിര്‍ഭരമാക്കുന്ന ഇളം കാറ്റുമാസ്വദിച്ച് അല്പസമയം നടയിലെ അരമതിലില്‍ വിശ്രമിച്ച് നടത്തം തുടര്‍ന്നു.
No comments:
Post a Comment