March 04, 2014

ആധാര്‍ ലിങ്ക്ഡ് വോട്ടിംഗ്

"നമസ്കാരം, എന്നെ ഓര്‍മയില്ലേ?"
"എവിടെയോ കണ്ടു പരിചയം... ഓര്‍മ്മ കിട്ടുന്നില്ല"
"ഞാനാ ഈ മണ്ഡലത്തിലെ സിറ്റിംഗ് എം.പി"
"ഓ, ഓര്‍മ്മ വന്നു. അഞ്ചു കൊല്ലം മുമ്പ് കണ്ടതല്ലേ, അതാ മനസ്സിലാകാഞ്ഞേ. ഒന്നും തോന്നരുത്"
"ഏയ്, എനിക്കിതില്‍ പുതുമ ഒന്നുമില്ല. പിന്നെ ഈ ഇലക്ഷനും എനിക്ക് തന്നെ ചെയ്യണം, വോട്ട്"
"അതിനെന്താ, ഒരു മിനിറ്റ്.. ഈ ഫോം ഒന്ന് പൂരിപ്പിച്ചു തരു"
"ഇതെന്താ?"
"ഇതാണ് സരള്‍ - വോട്ട് റെക്വിസിഷന്‍ ഫോം"
"ഇതെന്തിനാ?"
"ഇത് രണ്ടു കോപ്പി പൂരിപ്പിച്ചു തരണം. ഒപ്പം നേതാവിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൌണ്ട് പാസ്ബുക്ക്‌ (കഴിഞ്ഞ ഒരു വര്‍ഷത്തെ), ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍, വില്ലേജില്‍ നിന്നും ജാതിയും വരുമാനവും തെളിയുക്കന്ന സര്‍ട്ടിഫിക്കറ്റ്, വീടിന്റെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും എസ്.ഐയില്‍ കുറയാത്ത റാങ്കുള്ള ഉദ്യോഗസ്ഥന്‍ തന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പുതിയ പ്രകടന പത്രികയുടെ സെല്‍ഫ് അറ്റസ്റ്റ് ചെയ്ത കോപ്പി, പഴയ പ്രകടനപത്രികയും അത് നടപ്പില്‍ വരുത്തി എന്ന് തെളിയിക്കുന്ന പത്ര ക്ളിപ്പിങ്ങുകളും, ഏറ്റവും പുതിയ രണ്ടു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോകള്‍ എന്നിവ കൂടി വെക്കണം"
"എന്നിട്ട്?"
"അപേക്ഷ പരിശോധിച്ചതിനു ശേഷം വോട്ട് കിട്ടാന്‍ അര്‍ഹന്‍ ആണെന്ന് തോന്നിയാല്‍ അര്‍ഹമായ വോട്ടുകള്‍ ഇന്‍കം ടാക്സ് പിടിച്ചതിനു ശേഷം നേരിട്ട് നേതാവിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നെഫ്റ്റ് വഴി അയക്കുന്നതാണ്"
"അയ്യോ!! അതു ശരിയാവില്ല. ഇലക്ഷന്‍ അടുത്ത ആഴ്ചയാ. പിന്നെ ബാങ്കില്‍ കിട്ടീട്ട് എന്താ കാര്യം?"
"ഇതാണ് നിയമം. പറ്റില്ലെങ്കില്‍ ഒന്ന് പോടപ്പാ"

No comments: