August 08, 2009

മുംബൈ ഡയറി: ദലാള്‍ സ്ട്രീറ്റ്‌

കഴിഞ്ഞ 2 ദിവസമായി ബാങ്ക്‌ ജീവനക്കാര്‍ നല്ല ഊക്കന്‍ സമരമായിരുന്നല്ലൊ. എന്നാല്‍ എന്നെ പോലെ പ്രൊബേഷനിലുള്ളവര്‍ക്ക്‌ ഈ സമരം ബാധകമായിരുന്നില്ല. അതുകൊണ്ട്‌ എല്ലാ ദിവസത്തേയും പോലെ ഞാന്‍ 2 ദിവസവും ഓഫീസില്‍ പോയിരുന്നു. എന്നെ പോലെ വേറെ 3 പ്രോബേഷന്‍കാര്‍ മാത്രമായിരുന്നു ആകെ അവിടെ കൂട്ട്‌. വലിയ തിരക്കൊന്നുമില്ലാത്തതുകൊണ്ട്‌ മിനിഞ്ഞാന്ന് കുറച്ചു നേരത്തെ ഇറങ്ങാന്‍ സാധിച്ചു. നേരത്തെ ഹോട്ടലില്‍ കയറി ചെന്നാല്‍ റിസപ്ഷനിലിരിക്കുന്ന ബഹന്‍ തെറ്റിദ്ധരിച്ചാലോ എന്ന് ഞാന്‍ ധരിച്ചതുകൊണ്ട്‌ കുറച്ചു നേരം നടക്കാം എന്നു വിചാരിച്ചു.

അന്നു ഞാന്‍ നടക്കാന്‍ തിരുമാനിച്ചതിനു മുന്‍പില്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു. റോടി, കപ്ഡാ, മകാന്‍ എന്നീ 3 അവശ്യ വസ്തുവഹകള്‍ക്ക്‌ ശേഷം നാലാമതായി വരുന്ന മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ്‌ ചെയ്യണമായിരുന്നു. കയ്യിലുള്ളത്‌ റിലയന്‍സ്‌ ഫോണ്‍ ആയതുകൊണ്ട്‌ റീചാര്‍ജ്‌ ചെയ്യാന്‍ റിലയന്‍സ്‌ വെബ്‌ വേള്‍ഡ്‌ അന്വേഷിച്ച് നടക്കുകയല്ലാതെ വേറെ വഴിയും എന്റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ പതിവുപോലെ നരിമാന്‍ പോയിന്റില്‍ നിന്നും ഒന്നാം നമ്പര്‍ ബസിന്റെ രണ്ടാം നിലയില്‍ കയറി ഞാന്‍ CSTയുടെ അടുത്ത്‌ വന്നിറങ്ങി ഫൌണ്ടന്‍ എന്ന സ്ഥലത്ത്‌ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന റിലയന്‍സ്‌ വെബ്‌ വേള്‍ഡ്‌ അന്വേഷിച്ച്‌ നടത്തം തുടങ്ങി...

അങ്ങനെ നടന്ന് നടന്ന്,ഹോര്‍ണിമാന്‍ സര്‍ക്കിളും പിന്നിട്ട്, കുറെ ചെന്നപ്പോള്‍ കുറച്ചകലെ ഒരു കെട്ടിടം കണ്ടു. നല്ല കണ്ടു പരിചയം. എനിക്കാണെങ്കില്‍ ബോംബെയിലെ 2 കെട്ടിടങ്ങളെ കണ്ടു പരിചയമുള്ളു. അതില്‍ ഒന്ന് CST ആണ്‌. രണ്ടാമത്തേത്‌ ഇപ്പോള്‍ എന്റെ മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്ന ബോംബെ സ്റ്റോക്ക്‌ എക്സ്ചേന്‍ജ്‌. പരിപാവനമായ BSEയെ ഒരു തവണ പ്രദിക്ഷണം വെക്കാന്‍ തിരുമാനിച്ചു. കൂട്ടത്തില്‍ ഒന്നു രണ്ടു പടവുമെടുക്കാമല്ലൊ!! പടങ്ങള്‍ ദാ കിടക്കുന്നു
.

അങ്ങനെ അതിനെ വലം വെക്കുന്നിടയില്‍ ചരിത്ര പ്രസിദ്ധമായ 'ദലാള്‍ സ്ട്രീറ്റും' കണ്ടു.


BSE കെട്ടിടത്തിന്റെ പോര്‍ട്ടിക്കൊയില്‍, അഴികള്‍ക്കുപിന്നിലായി ഒരു കാളക്കൂറ്റന്റെ പ്രതിമ ഉണ്ട്‌. അതിന്റെ ഒരു പടം എടുക്കാന്‍ ശ്രമിക്കുന്നതിനയില്‍ ഒരു പോലീസുകരന്‍ വന്ന് ഫോട്ടൊ എടുക്കാന്‍ പാടില്ല എന്ന് പറഞ്ഞെന്നെ അവിടെ നിന്നുമോടിച്ചു. അതുകൊണ്ട്‌ കാളക്കൂറ്റന്റെ പടം എടുക്കാന്‍ പറ്റിയില്ല. അതിനു ഭാഗ്യമില്ലാതെ പോയി എന്നാലോചിച്ചു സമാധാനിക്കാം!!

തിരിച്ചു ഹോട്ടലിലേക്ക്‌ നടക്കുന്നതിനിടയിലാണ്‌ ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ കെട്ടിടം കണ്ടത്‌. 1830ല്‍ പണി കഴിപ്പിച്ച ഒരു കെട്ടിടം!! എന്നാല്‍ കണ്ടാല്‍ അത്രയും പ്രായം തൊന്നുകയേ ഇല്ല! അവിടെ ഇപ്പോള്‍ ലൈബ്രറിയും, ടൗണ്‍ ഹാളും ഒക്കെ പ്രവത്തിക്കുന്നുണ്ട്‌. കണ്ട സ്ഥിതിക്ക്‌ അതിനേയും വെറുതെ വിട്ടില്ല. ഒരു പടം അതിന്റേം കാച്ചി: (ഇതു ശരിക്കും 3 പടങ്ങളാണ്‌. ഓട്ടോസ്റ്റിച്ച്‌ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ പിന്നെ ഒറ്റ പടമാക്കിയതാണ്‌)

2 comments:

ചാണക്യന്‍ said...

വിവരണവും ചിത്രങ്ങളും നന്നായി...

നാട്ടുകാരന്‍ said...

നന്നായിരിക്കുന്നു.