August 09, 2009

ഹസാര്‍ഡ്‌ ഓഫ്‌ ഓസ്‌


ഇക്കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ ക്രൂരമായ മര്‍ദനത്തിനിരയായി. തല്ലിയവര്‍ 2 ആസ്ട്രേലിയക്കാര്‍ തന്നെ. പോലീസ്‌ അവരെ കസ്റ്റഡിയില്‍ എടുത്ത്‌ സുഖവിവരം അന്വേഷിച്ച്‌ ജാമ്യത്തില്‍ വിട്ടു. അതങ്ങനെ കഴിയും എന്നു തോന്നുന്നു!
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്‌ ഏറ്റവും കൂടുതല്‍ (ഈ അടുത്തമാസങ്ങളില്‍) ആക്രമണത്തിനിരയായത്‌. ആസ്ട്രേലിയന്‍ പോലീസും, അധികാരികളും ആവര്‍ത്തിച്ചു പറയുന്നത്‌ ഈ ആക്രമണങ്ങളെല്ലാം തന്നെ വര്‍ഗീയമല്ല, മറിച്ച്‌ മോഷണത്തിനു വേണ്ടി ലോക്കല്‍ തെണ്ടികള്‍ (അപ്പൊ അത്തരക്കരുമവിടെ ഉണ്ട്‌!!) നടത്തിയതാണെന്നാണ്‌. അവരുടെ ഭാഷയില്‍ ഇന്ത്യാക്കാര്‍, പ്രത്യേകിച്ച്‌ വിദ്യാര്‍ത്ഥികള്‍ 'soft targets' ആണ്‌. ഇവരുടെ കയ്യിലെ ലാപ്‌ടോപും, മൊബെയിലും, കാശുമൊക്കെ അടിച്ചു മാറ്റാന്‍ നടക്കുന്ന ഗുണ്ടകളാണ്‌ ഈ ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണവരുടെ കണ്ടുപിടുത്തം. അതു ശരിയാണെങ്കില്‍ പോലും,ഇത്തരം ആക്രമണങ്ങള്‍ കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നത്‌ ആശങ്കയുണ്ടാക്കുന്ന ഒരു വസ്തുതയാണ്‌.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി, കൊഴുത്ത ഫീസും വാങ്ങി ആസ്ട്രേലിയയിലേക്ക്‌ കടത്താന്‍ ഉത്സാഹം കാണിക്കാനല്ലാതെ, അവരുടെ ജീവനും, സ്വത്തിനും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ എന്താണ്‌ ആസ്ട്രേലിയന്‍ സര്‍ക്കാരിന്‌ ഇത്ര വിഷമം? ആസ്ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥയില്‍ വളരെ വലിയ ഒരു സ്ഥാനം വഹിക്കുന്നത്‌ അവിടുത്തെ 'വിദ്യാഭ്യാസ വ്യവസായ'മാണെന്നുകൂടി ഓര്‍ക്കണം!
ഈ പ്രശ്നത്തില്‍ നമ്മുടെ സര്‍ക്കാരും വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല (അല്ലെങ്കില്‍ കൊടുക്കാന്‍ താത്പര്യമില്ല) എന്നു വേണം കരുതാന്‍. 'ഓസീ' ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മുട്ടുമടക്കി നില്‍ക്കാതെ നമ്മുടെ നിബന്ധനകള്‍ സധൈര്യം അവതരിപ്പിക്കാന്‍ ഗവണ്മെന്റിനു കഴിഞ്ഞിട്ടില്ല. ശ്രീ. വര്‍ഗീസ്‌ കുര്യന്റെ (മുന്‍ അമുല്‍ ചെയര്‍മാന്‍) ആത്മ കഥയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ഇന്ത്യ പാലുല്‍പന്നങ്ങളുടെ കയറ്റുമതി തുടങ്ങിയ സമയത്ത്‌ ന്യൂസീലാന്‍ഡിലെ ബന്ധപ്പെട്ട വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി ഇന്ത്യയിലെത്തി. ഇന്ത്യ പാലുല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ അവര്‍ക്കുള്ള എതിര്‍പ്പ്‌ അറിയുക്കുക എന്നാതയിരുന്നു പ്രധാന ആഗമനോദ്ദേശം. അവര്‍ കുര്യനോട്‌ 'അവരുടെ' മാര്‍ക്കറ്റുകളില്‍ ഇടപെടുന്നതു നിര്‍ത്തണം എന്നാവശ്യപ്പെട്ടു. അതിനു കുര്യന്റെ മറുപടി ഇതായിരുന്നു: മാഡം, ഞങ്ങള്‍ ഇന്ത്യാക്കാര്‍ എല്ലാവരും കൂടി നിരന്നു നിന്ന് തുപ്പിയാല്‍, നിങ്ങളുടെ ന്യുസീലാന്‍ഡ്‌ പിന്നെ കാണില്ല. അതോടുകൂടി അവരുടെ ഹുങ്ക്‌ അവസാനിക്കുകയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുപോലെ നട്ടെല്ലുള്ള രാഷ്ട്രീയക്കാര്‍ ഉണ്ടാകുന്നവരെ ഇത്തരം 'വികസിത' രാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുമ്പില്‍ മുട്ടു മടക്കി നില്‍ക്കാനെ ഇന്ത്യന്‍ ഗവണ്മെന്റിനു സാധിക്കൂ. ഇതിനൊരു മാറ്റം വരുന്നവരെ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വര്‍ണ്ണവെറിയന്മാരുടെ ആക്രമണങ്ങള്‍ക്ക്‌ ഒരു കുറവും സംഭവിക്കുമെന്നു തോന്നുന്നില്ല.

No comments: